Thursday, May 19, 2011

വേദന


മനസിന്റെ മുറിപ്പാടുകളില്‍
കിനിയുന്ന രക്തത്തിന്‍ വിങ്ങല്‍
ജന്മനാള്‍ മുതലിന്നോളമെന്നില്‍
നിറയുന്ന തിക്താനുഭവങ്ങള്‍

എന്നിലെ എന്നിലെ 'അസ്തിത്വ '
വേദനയിലുരുകുന്നു ഞാന്‍
ഇനിയുമെന്നുടെ ലക്ഷ്യത്തിലേ-
ക്കൊരു വഴി കാണാതുഴറുന്നു ഞാന്‍

ഇനിയീ തമോഭൂവിലെന്നാ-
ണൊരു വെളിച്ചം ഞാന്‍ കാണ്മ-
തെങ്ങാണത് ഞാന്‍ കണ്ടെ-
ത്തുന്നതെവിടെയെനിക്ക് സാന്ത്വനം

 ശരീര വേദനയില്‍ നിന്ന് നീ
മുക്തനല്ലേയെന്നു ഞാന്‍
എന്നോട് സമാധാനം ബോധി
പ്പിക്കുന്ന നേരവും ഇല്ലയെന്നില്‍

ഒരു മാത്ര പോലും സമാധാനം
ഒന്നാശ്വസിക്കുവാന്‍ ഒന്ന്
ദീ൪ഘമായ് നിശ്വസിക്കുവാന്‍
അതി തീവ്രമായ് ആശിപ്പൂ ഞാന്‍

എല്ലാം മറക്കാന്‍ ആശ്വസിക്കാന്‍
കീഴോട്ടു നോക്കുമ്പോള്‍ ആ-
കാഴ്ചകളും ദുഃഖഹേതുക്ക-
ളാണെന്നിലെന്നറിയുന്നു ഞാന്‍

കൂരയില്ലാത്തവര്‍ വസ്ത്രമില്ലാത്തവര്‍
അന്നമില്ലാത്തവര്‍ വെള്ളമില്ലാത്തവര്‍
തണുക്കുന്നവര്‍ കടും പോള്ളലേല്‍ക്കുന്നവര്‍ 
സമൂഹത്തിന്റെ പുറന്ബോക്കിലായ്-

പെട്ടുപോയവര്‍ റേഷനില്ലത്തവര്‍
വോട്ടറല്ലാത്തവര്‍ മാനം വിറ്റും-
അന്നമുണ്ണേണ്ടവര്‍ ജീവിത
സ്വപ്നത്തിനുപോലുമര്‍ഹരല്ലാത്തവര്‍

"വെളിച്ചം ദുഖമാണുണ്ണി
തമസല്ലോ സുഖപ്രദ"മെന്ന
കവിവചനമെന്നിലോടിയെത്തു -
ന്നുന്ടീ കാഴ്ചകളോടൊപ്പം .

ഈ കാഴ്ചകള്‍ നല്‍കുന്ന
വേദനയൊഴിവാകാന്‍ എന്റെ
ചുറ്റിലും തീവ്രതമസ്സിന്‍
സുഖപ്രദമാര്‍ന്ന ആവരണ-

മൊരുക്കാന്‍ വിധാതാവി-
നോട് പ്രാര്‍ത്ഥിപ്പൂ ഞാന്‍
കഴിയില്ലെനിക്കിനിയും ഈ
കാഴ്ചകള്‍ കണ്ടുകണ്ടിരിക്കാന്‍

ചിന്ത തന്‍ വേലിയേറ്റത്തില്‍
മറ്റൊന്ന് തിരിച്ചറിയുന്നു ഞാ-
നീ "കൂപമണ്ഡൂകങ്ങള്‍" ഭാഗ്യം
ചെയ്ത വര്‍ഗമാണെന്ന് 

ലോകം ചെറുതായവര്‍
സ്വപ്നങ്ങള്‍ക്ക് നീളം
കുറഞ്ഞവര്‍, ആഗ്രഹങ്ങള്‍
ഒരിക്കലും ഉണ്ടാകാത്തവര്‍

സ്വന്തം ലോകത്തിലൊതുങ്ങി 
ജീവിത സന്തോഷങ്ങളറിഞ്ഞു
ജീവിതം ജീവിച്ചു
തീര്‍ക്കുന്ന മണ്ണിന്റെ മക്കള്‍

ഒരു രാജ്യത്തിനും സ്വന്തമല്ലാത്തവര്‍
ഒരു രാഷ്ട്രവും സ്വന്തമില്ലാത്തവര്‍
ആയുസ്സിലൊരിക്കലെങ്കിലും ഇവരെ-
പ്പോലെയാകാനാശിപ്പൂ ഞാന്‍

ഈ ആഗ്രഹവും സ്വപ്നവും
ഒരു വേദനയായെന്നില്‍
നിരയുന്പോളാശ്വാസത്തിനായ്
മേലോട്ട് നോക്കുന്നു ഞാന്‍

സമൂഹം സൃഷ്ടിക്കുന്നവര്‍
സമൂഹത്തില്‍ ജീവിക്കുന്നവര്‍
പണച്ചാക്കുകള്‍ എല്ലാം
സ്വന്തമായവരാണിവര്‍

നിലയും വിലയും സ്വന്തമായുള്ളവര്‍
സമൂഹക്രമവും ചക്രവും നീതിയും
നിശ്ചയിക്കുന്നവര്‍ ഇവരെ-
പ്പോലാകാനാശിച്ചുപോകുന്നു ഞാന്‍

എങ്കിലുമടുത്ത നിമിഷത്തില്‍
അവരിലും ദുഃഖങ്ങള്‍ കാണു-
ന്നുണ്ട് ഞാന്‍ അന്തസ്സിന്‍
അടയാളമായ് രോഗങ്ങള്‍

വഹിക്കുന്നവര്‍ സമ്മര്‍ദ രോഗികള്‍
പരസ്പരം കുതികാല്‍ വെട്ടുന്നവര്‍
നിലനില്പിനായ് പോരാടുന്നവര്‍
മനസ്സമാധാനമില്ലാത്തവര്‍

വ്യഗ്രതകളിലെല്ലാം മറക്കുന്നവര്‍
എന്തെല്ലാമോ നേടാന്‍ വേണ്ടി
എല്ലാം നഷ്ടപ്പെടുത്തുന്നവര്‍
ജീവിത സൌഭാഗ്യങ്ങളുണ്ടാ-
ക്കിയിട്ടിട്ടു അനുഭവിക്കാന്‍ യോഗ-
മില്ലാതെ പോകുന്നവര്‍ ഈ
അണ്ടിതാഴിന്റെ ഉള്ളിലെ പണി
അറിയാതെ പോകുന്നവര്‍.

ആ പ്രതീക്ഷയും വിട്ടീലോകത്തിലേക്ക്‌
വെറുതെ കണ്ണോടിച്ചു ഞാന്‍
കാണാനില്ലെങ്ങുമേ വേദന
ഇല്ലാത്തൊരു മനുജനെയും

യുദ്ധങ്ങള്‍ കെടുതികള്‍
മാനവദുര്‍മ്മോഹങ്ങളെല്ലാം ചേര്‍ന്ന്
വരുത്തുന്ന വിനകളില്‍ പെട്ടുഴലുന്ന
മാനവരെക്കന്ടെന്‍ മിഴികളടയ്ക്കുന്നു ഞാന്‍

ഒടുവിലെല്ലാമൊടുങ്ങുമ്പോള്‍
അറിയുന്നു ഞാന്‍-ഇല്ല
ഈ ഭൂവില്‍ മാനവനൊന്നു പോലും
ദുഃഖ ദുരിതങ്ങള്‍ പേറാത്തവന്‍

ഇപ്പോള്‍ ഞാനറിയുന്നു എന്‍
ദുഃഖങ്ങള്‍ എന്റേതുമാത്രമാ
ണതിന്‍ പരിഹാരവുമെന്നില്‍
മാത്രമാണിരിക്കുന്നതെന്നും

ആഗ്രഹം ദുഃഖ ഹെതുവെന്ന
ബോധോദയം ബോധിവൃക്ഷ
ത്തണലില്‍ നിന്നെന്‍ ജീവിത-
ത്തിന്റെ സാരാ൦ശമാക്കാനാശിപ്പൂ ഞാന്‍

ഈ ആയിരം ദു:ഖങ്ങളിലെ
കൊച്ചു കൊച്ചു സന്തോഷങ്ങളില്‍
ആനന്ദിക്കുവാന്‍ വേദന മറക്കാന്‍
എന്നിലെ ഞാന്‍ ആശിക്കുന്നു

ഈ ആശകളും ആശകളാകാതെ
എന്‍ ജീവിതത്തില്‍ പകര്തിയെന്‍
ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍
ഇപ്പോള്‍ മോഹിച്ചു പോകുന്നു ഞാന്‍.


WordPress plugin