Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, October 17, 2014

Against Ebola, for Mankind

ഇതൊരു മുന്നറിയിപ്പോ ഓർമ്മപ്പെടുത്തലോ എന്ത് പേര് വിളിക്കണം എന്ന് അറിയില്ല..പത്രങ്ങളിൽ വന്ന ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ ദയനീയമായ ഒരു പ്രസ്താവനയാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ്‌ ബാധക്കെതിരെ അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിട്ട് ലോകരാജ്യങ്ങൾ കാര്യമായി പ്രതികരിക്കുന്നില്ല എന്നായിരുന്നു ആ പ്രസ്താവന . 1000000000 ഡോളർ ഫണ്ട്‌ വേണ്ടിടത്ത് 100000 ഡോളർ മാത്രമാണ് കിട്ടിയതെന്നും അദ്ദേഹം പറയുന്നു
കിട്ടാത്തതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതിനെക്കാളും കിട്ടുന്നതിനുള്ള മാർഗം തിരയാനുള്ള ശ്രമമാണ് ഇത്. ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഐസ് ബക്കറ്റ്‌ ചലഞ്ച് പോലെ ഒരു ക്രൌഡ് ഫണ്ടിംഗ് പദ്ധതി തുടങ്ങേണ്ടത് അത്യാവശ്യമാണ് . നമ്മൾ ഇന്ത്യക്കാർ തന്നെ അതിനു തുടക്കമിടണം . സര്ക്കാരിന്റെ നേതൃത്വത്തിൽ എല്ലാവരും കുറഞ്ഞത്‌ ഒരു ദിവസത്തെ വരുമാനം എങ്കിലും സംഭാവന നൽകുക. കമ്പനികൾ, സംഘടനകൾ  എല്ലാം അവര്ക്ക് കഴിയുന്ന തുക നല്കി ഇത് വിജയിപ്പിക്കുക. ഈ പരിപാടി ലോകം മുഴുവൻ വ്യാപിപ്പിക്കുക . രാജ്യങ്ങൾ  ഔദ്യോഗികമായി തന്നെ ഈ പദ്ധതി ഏറ്റെടുക്കുക .
ഈ ഒരു ആശയം ജനങ്ങളിലേക്ക് എത്തിക്കാനും ഗവണ്‍മെന്റുകൾ പദ്ധതിക്ക് നേതൃത്വം വഹിക്കാനും ഇത് കഴിയുന്നത്ര ഷെയർ ചെയ്യുക . വാക്കുകളിലൂടെയും, പരമ്പരാഗത മധ്യമങ്ങളിലൂടെയും മറ്റേതു വഴികളിലൂടെ ഒക്കെ സാധിക്കുമോ അവയിലൂടെ ഒക്കെ എല്ലാവരും ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു . കാരണം ഇത് ആയിരങ്ങളുടെ, നാളെ ഒരുപക്ഷെ ലക്ഷങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കാര്യമാണ്. നാളെ നമ്മെയും തേടി വരാവുന്ന ഒരു വിപത്തിനെതിരെയുള്ള കരുതലാണ്

എബോളയെപ്പറ്റി കൂടുതൽ അറിയാൻ
http://en.wikipedia.org/wiki/Ebola_virus_disease
ബാൻ കി മൂണിന്റെ വാക്കുകൾക്കു
http://www.nytimes.com/2014/10/17/world/africa/ban-ki-moon-pleads-for-ebola-aid-donations.html

Thursday, August 30, 2012

ചില ഓണ ചിന്തകള്‍ !..

നഷ്ടസ്വപ്നങ്ങളുടെ തടവുകാരാണ് നാം !..മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നഷ്ടസ്വപ്നങ്ങളില്‍ അഭിരമിക്കുന്നവര്‍..ആതുരത്വം എന്നാല്‍ രോഗമാണ് ..എന്നാല്‍ മലയാളിക്ക് ഗൃഹാതുരത്വം ഏറ്റവും സുഖമുള്ള അനുഭൂതിയാണ്..മറ്റെല്ലാ നാടുകളിലും വിജയങ്ങളുടെ ആഘോഷങ്ങളാണ് അവരുടെ ദേശീയോത്സവങ്ങള്‍..നമുക്കത് പരാജയത്തിന്റെ , ഒരു നല്ല കാലം ഇല്ലാതായത്തിന്റെ ഓര്‍മയാണ്..എന്ത് കൊണ്ട് ഇങ്ങനെ എന്ന് ചിന്തിക്കുമ്പോള്‍ ഞാനടങ്ങുന്ന മലയാളി സമൂഹത്തിന്റെ ഇന്നത്തെ ശരാശരി മാനസീകാവസ്ഥയിലേക്ക് നമ്മുക്ക് കണ്ണോടിക്കേണ്ടി വരുന്നു..നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന ഇന്നത്തെ കാലം ഇന്നലത്തേതിനേക്കാള്‍ മോശമാണ് എന്ന് നാമോരുതരും ചിന്തിക്കുന്നു..കൊച്ചു കുട്ടികള്‍ വരെ പറയുന്ന ഒരു വാചകമാണ് "നമ്മളൊക്കെ ആയിരുന്നപ്പോള്‍ എന്ത് രസമായിരുന്നു " എന്നത്..
എന്നാല്‍ ഇതിനെല്ലാം ഉപരിയായി..ഇന്നലെ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന നല്ല കാലം ഇന്ന് നിലനിര്‍ത്താനും നാളെ വരാനുള്ളവര്‍ക്ക് വേണ്ടി കരുതി വയ്ക്കാനും നമ്മള്‍ മറക്കുന്നു ..അല്ലെങ്കില്‍ തയാറാവുന്നില്ല എന്നുള്ളിടത്താണ് നമുക്ക് പരാജയം ആഘോഷിക്കേണ്ടി വരുന്നത്..ആതുരത്വം സുഖാനുഭൂതിയാകുന്നത്..
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഐതീഹ്യങ്ങളിലെ മാവേലി നാട് ഇവിടെ പുലരാന്‍ നാമാരും പരിശ്രമിക്കുന്നില്ല .."എത്ര നല്ല നടക്കാത്ത സ്വപ്നം" എന്ന സിനിമ ഡയലോഗ് പോലെ ഓണത്തെയും മാവേലിയെയും മാവേലിനാടിനെയും നടക്കാത്ത സ്വപ്നമായി മാറ്റി വയ്ക്കുന്നു..വര്‍ഷത്തില്‍ ഒരിക്കല്‍ പതം പറയാനുള്ള ഒരു ഓര്‍മ മാത്രമാക്കുന്നു ...
അതില്‍ നിന്നും മാറി, മാവേലി നാടിനെ സാർഥകമാക്കാന്‍ നാമോരോരുത്തരും ചെറുവിരല്‍ എങ്കിലും അനക്കാന്‍ തയ്യാറാവുന്നിടത്തേ ഓണാഘോഷങ്ങള്‍ക്ക് പ്രസക്തിയുള്ളൂ..നമുക്കും വരും തലമുറക്കും മാവേലി നാട് ഒരുക്കേണ്ടതിന്റെ ബാധ്യത നമുക്കാണ് എന്ന് ഓരോ ഓണവും നമ്മെ ഓര്‍മിപ്പിക്കുന്നു....
നന്മ നിറഞ്ഞ , സമൃദ്ധമായ ഒരു ഓണം എല്ലാവര്ക്കും ആശംസിച്ചു കൊണ്ട് സ്നേഹത്തോടെ..അലക്സാണ്ടര്‍ ..

Friday, May 25, 2012

ചില അര്‍ബുദ ചിന്തകള്‍ ..

നമ്മുടെ നാട്ടില്‍ ഇന്ന് ഏറ്റവും അധികം കാണപ്പെടുന്ന ഒരു രോഗമാണ് അര്‍ബുദം അഥവാ കാന്‍സര്‍. ഇതെഴുതുന്ന ആളിന്റെ ബന്ധുജനങ്ങളില്‍ ഒട്ടുവളരെ പേര്‍ ഈ രോഗം മൂലം ക്ലേശിക്കുന്നുണ്ട്, പലരും ഈ രോഗത്തിന്റെ വേദന സഹിച്ചു ഇഹലോകവാസം വെടിഞ്ഞതിന് സാക്ഷിയാകേണ്ടി വന്ന ഹതഭാഗ്യനുമാണ് ഞാന്‍..ഈ അടുത്ത ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങളെ പറ്റി കുറെ ആലോചിക്കനിട വന്നു .അതാണീ പോസ്റ്റിനു ആധാരം.
പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍, ലോകത്തിലെ ഏറ്റവും മികച്ചതും സംഘടിതവും ആയ രീതിയില്‍ നടക്കുന്ന ഒരു  നാടാണ് കേരളം. ഒട്ടു വളരെ സുമനസുകളും , പല സ്ഥലങ്ങളിലും സര്‍ക്കാര്‍ തന്നെയും ഇതില്‍ ഭാഗഭാക്കാകുന്നു. വളരെ നല്ല കാര്യം. പക്ഷെ കുറച്ചു ദിവസങ്ങളായി മനസ്സില്‍ തികട്ടി വരുന്ന കാര്യം, പഴയ ഒരു ചൊല്ല്, ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നു."രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ?"

എന്റെ അറിവ് ശരിയാണെങ്കില്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു കാര്യങ്ങള്‍.
1 . എന്തുകൊണ്ട് ഇത്രയധികം ആളുകള്‍ക്ക് ഈ രോഗം ബാധിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ ഒരു പഠനം.
2 . രോഗം വരാതിരിക്കാന്‍ സ്വീകരിക്കാവുന്ന മുന്കരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം.
3 . ഈ മേഖലയിലെ മരുന്ന് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി.
ഇതില്‍ നമ്മുടെ സര്‍ക്കാരും പൊതു സമൂഹവും ഇതുവരെയും ശ്രദ്ധ പതിപ്പിച്ചിട്ടില്ല.

ഒന്നാമത്തെ കാര്യമെടുക്കാം. മാറുന്ന ജീവിതശൈലിയും ഫാസ്റ്റ് ഫുഡ്‌ സംസ്കാരവും മുതല്‍ പുകവലിയും പച്ചക്കറിയിലും ഭക്ഷ്യധാന്യങ്ങളിലും ഉള്ള വിഷാംശം വരെ വിവിധ പഠനങ്ങളില്‍ പ്രതി സ്ഥാനത്ത് വന്നിട്ടുണ്ട്. എന്നാല്‍ നിയമത്തിന്റെ മുമ്പില്‍ നിലനില്‍ക്കത്തക്ക വിധം കാര്യകാരണ സഹിതം ഒരു പഠനം ഇനിയും നടക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ അപകടകാരികളായ വസ്തുക്കളെ നിയന്ത്രിക്കാനും നിരോധിക്കാനും നമുക്ക് കഴിയൂ.

രണ്ടാമതായി ശരാശരി മലയാളിക്ക് മറ്റു പല കാര്യങ്ങളിലുമുള്ള അവബോധം, ഈ അപകടകരമായ വസ്തുക്കളെക്കുറിച്ചും ശീലങ്ങലെക്കുറിച്ചും ഇല്ല എന്നുള്ളതാണ്. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. ആദ്യം സൂചിപ്പിച്ച "രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്" എന്ന തത്വം നമ്മള്‍ ശരിയായി മനസിലാക്കണം. എനിക്ക് തോന്നുന്നു, പാലിയെറ്റീവ് കെയര്‍ പ്രസ്ഥാനം അവരുടെ പ്രധാന ലക്ഷ്യമായി, പ്രവര്‍ത്തനമായി എടുക്കേണ്ടത് ഇത്തരം ബോധവത്കരണ, പ്രതിരോധ നടപടികളാണ്. പാലിയെറ്റീവ് കെയര്‍ പ്രസ്ഥാനവുമായി സഹകരിക്കുന്ന ആളെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ മഹത്വം മനസിലാക്കിക്കൊണ്ടു തന്നെയാണ് ഞാനിത് എഴുതുന്നത്‌.
 

മൂന്നാമതായി മരുന്ന് നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും തോന്നിയ വില കാന്‍സര്‍ മരുന്നുകള്‍ക്ക് ഈടാക്കുന്നുണ്ട്. അതിവിടെ മാത്രമല്ല എല്ലാ മരുന്നുകള്‍ക്കും. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളും മറ്റു വ്യക്തികളും സംഘടനകളും നല്‍കുന്ന സഹായങ്ങളും രോഗികളെക്കാള്‍ ഉപരി കമ്പനികള്‍ക്കാണ് ഗുണം ചെയ്യുക.
ഇത്തരം കാര്യങ്ങളില്‍ നാം അടിയന്തിര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അനേകം സുമനസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താതെ പോകും, ഇനിയും  ഒരുപാട് പേര്‍, അത് ഞാനും നിങ്ങളുമാകാം,  വേദന നിറഞ്ഞ മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അതൊഴിവാക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയുന്നത്‌ ചെയ്യാം...