Monday, March 5, 2012

ഒറ്റവരികള്‍..

ശ്രദ്ധ
അതെനിക്കിനിയും വേണം - ശ്രദ്ധ

തെറ്റ്
അതിനു മുന്നം എന്തായാലും "വേണം", പിന്നെ "വേണ്ടായിരുന്നു"; അതാണ് തെറ്റ്.

മരണം
മന്ദം രണം തീരണം-മരണം

Monday, February 6, 2012

സ്വപ്നവും സത്യവും

സ്വപ്നങ്ങളേറെ  കണ്ടു ഞാന്‍
ഇപ്പോഴും കാണുന്നു ഞാന്‍
എങ്കിലുമവയന്നും ഊര്‍ജ്ജ-
ദായകങ്ങളാകുന്നില്ലയെന്നില്‍

അവയുടെ വന്യതയെന്‍
ഊര്‍ജ്ജം ചോര്‍ത്തിക്കളയുന്നു
അവയിലെ കടും വര്‍ണങ്ങള്‍
എന്നെ തളര്തിക്കളയുന്നു

സ്വപ്നലോകത്ത് നിന്നും മടങ്ങി
എത്തുമ്പോള്‍ ഞാനറിയുന്നു
എന്റേത് വെറും കല്ലും മുള്ളും
നിറഞ്ഞ മരുഭൂമിയാണെന്ന്

സത്യങ്ങളുടെ നഗ്നത കണ്ടു
ഞാന്‍ കണ്ണ് ചിമ്മുന്നു
അവയുളുപ്പതുമില്ലാതെ
എന്നെ നോക്കി പല്ലിളിക്കുന്നു

ഈ സത്യങ്ങള്‍ക്കൊരു മുഴം
ശീലയെങ്കിലും കൊടുക്കാന്‍
അവയെ മറയ്ക്കാന്‍ ഒന്നും
കണ്ടില്ലെന്നു നടിക്കാന്‍

വീണ്ടും ഞാനെന്‍ സ്വപ്ന-
ലോകത്തേക്ക് മടങ്ങാന്‍
ശ്രമിക്കുമ്പോള്‍ ആ സത്യങ്ങളെന്‍
ഉപബോധമനസില്‍ മുള്ളുകളാകുന്നു

സ്വപ്നവും സത്യവും തമ്മിലുള്ള
പ്രകാവര്‍ഷങ്ങളതിവേഗം
ഓടിയെത്തിയെത്തിയെന്‍
മനം തളര്‍ന്നു പോകുന്നു

ഈ അകലം കുറയ്ക്കാന്‍
സ്വപ്‌നങ്ങള്‍ കുറെയെങ്കിലും സത്യമാകാന്‍
സത്യങ്ങളുടെ മൂര്ച്ചയല്പം കുറയ്ക്കാന്‍
എന്മനം ബലിയാക്കി പ്രാര്‍ത്ഥിപ്പൂ ഞാന്‍.




Sunday, February 5, 2012

നുറുങ്ങു കവിതകള്‍

അന്തി കരയുന്നു രാവിനെപ്പേടിച്ചും
പകലിനെ പിരിയാന്‍ വയ്യാതെയും
*********************************
പൊള്ളുന്ന ഉള്ളിന്‍
വല്ലാത്ത ചൊല്ലില്‍
ഇല്ലാത്ത പൊല്ലാപ്പും
വേണ്ടാത്തോരിണ്ടലും
**********************************
അത്രമേല്‍ അടുക്കാതിരുന്നാല്‍
ഇത്രമേല്‍ അകലാതിരിക്കാം
അത്രമേല്‍ ഉയരാതിരുന്നാല്‍
ഇത്രമേല്‍ വീഴാതിരിക്കാം

Monday, January 30, 2012

പാപിയുടെ പ്രാര്‍ത്ഥന

ആഗ്രഹിക്കുന്ന നന്മയൊന്നുമേ
ചെയ്യാന്‍ കഴിയുന്നില്ലെനി-
ക്കാഗ്രഹിക്കാത്ത തിന്മയത്രേ
ഞാന്‍ ചെയ്തു കൂട്ടുന്നതെന്നതൊരു
വിശുദ്ധ ജന്മത്തിന്റെ
ആത്മാവിന്‍ നെടുവീര്‍പ്പുകള്‍

നന്മയോന്നുമേ നിനയ്ക്കാന്‍
പോലും കഴിയാത്തതീ വെറും
പാപിയുടെ ആത്മനൊമ്പരം

തിന്മതന്‍ സ്വയം കൃത തടവറയില്‍
നിന്നും രക്ഷ നേടിയീ നന്മ തന്‍
അനന്ത വിഹായസ്സില്‍ പാറാന്‍
നന്മകള്‍ മാത്രം പ്രവര്‍ത്തിക്കാന്‍
നന്മസ്വരൂപ കനിയണേയെന്നതീ
പാപിതന്‍ ആത്മവിലാപം



Saturday, January 28, 2012

പഴമയിലെ പുതുമ

ഇതൊരു ചിതറിയ ഓര്‍മ്മക്കുറിപ്പാണ്. ഒരായുസ്സിന്റെ  അനുഭവങ്ങളും, ഓര്‍മ്മകളും, സ്വപ്നങ്ങളും, സ്വപ്ന ഭംഗങ്ങളുമെല്ലാം വരും തലമുറയ്ക്ക് പരിശോധനയ്ക്കായി, പുനര്‍വായനയ്ക്കായി ഇവിടെ അക്ഷരങ്ങളായി പകര്‍ത്തുകയാണ്.
മറ്റൊന്നുമല്ല ഇത് അമ്മയുടെ കഥയാണ്. ഓര്‍മ്മക്കുറിപ്പെന്നോ, അത്മകയെന്നോ, മറ്റൊരാളായ ഞാന്‍ രേഖപ്പെടുത്തുന്നത് കൊണ്ട് ജീവചരിത്രമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു കഥ.
കാലമാര്‍ക്കും പിടിതരാതെ കുതറിയോടിക്കൊണ്ടിരിക്കുന്നു. അതിനു വേഗത കൂടുന്നുണ്ടോ?.. ഉണ്ടാവാം , എന്തായാലും തലമുറകള്‍ തമ്മിലുള്ള അന്തരം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. അവ തമ്മിലുള്ള വിടവ് വിശുദ്ധ ഗ്രന്ഥത്തിലെ ലാസറിന്റെ സ്വര്‍ഗ്ഗത്തിനും ധനവാന്റെ നരകത്തിനും ഇടയിലേത് എന്നത് പോലുള്ളതായിരിക്കുന്നു. അവ തമ്മിലൊരു സമ്പര്‍ക്കമോ പോക്കുവരവോ സാധ്യമാകാത്തവണ്ണമായിരിക്കുന്നു അത്. ഈ വിടവുകള്‍ക്കിടയിലൊരു നൂല്പ്പാലമെങ്കിലും വലിച്ചു കെട്ടാനുള്ള തീവ്രമായ ആഗ്രഹമാണ് എന്നെ ഇതില്‍ കൊണ്ട് ചെന്നെത്തിച്ചത്.
നാം ചരിത്രം  പഠിക്കുന്നതെന്തിനാണ്?. എന്റെ അഭിപ്രായത്തില്‍ ചരിത്ര പഠനമെന്നത്, പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും, അവയ്ക്ക് പ്രായശ്ചിത്തം ചെയ്യാനും അങ്ങിനെ കൂടുതല്‍ നല്ല ഒരു ഭാവിക്ക് വേണ്ടി സ്വപ്നം കാണാനുമുള്ള ശ്രമമാണ്. ഭൂതത്തെയും ഭാവിയെയും വര്‍ത്തമാനത്തില്‍ സമന്വയിപ്പിക്കുന്ന ഒരു പ്രക്രിയ.

തുടരും..

Sunday, January 22, 2012

മനസ്സ്

ദൈവത്തില്‍ നിന്നെനിക്ക് കിട്ടിയ
സമ്മാനമായിരുന്നന്‍ മനസ്സ്
നിഷ്കളങ്കതയുടെ ശുഭ്ര വസ്ത്രമണിഞ്ഞു
ഒരിക്കല്‍ ശോഭിച്ചിരുന്നത്

ദു:ഖത്തില്‍ കരയുന്ന
സുഖത്തില്‍ ചിരിക്കുന്ന
ഒരു കൊച്ചു കുഞ്ഞിന്റെ
ദൈവച്ഛായയുള്ള മനസ്സ്

കളങ്കിത ലോകത്തിന്‍ കറുത്ത
പാടുകളെന്‍ മനസ്സില്‍
ആഴത്തില്‍ പതിഞ്ഞു പോയ്‌
മനസ്സാക്ഷിയും മരവിച്ചുപോയതിന്‍ സ്വഭാവവും മാറി

ദു:ഖത്തില്‍ ചിരിക്കാനും
സുഖത്തില്‍ കരയാനും
മനസ്സാക്ഷി നഷ്ടപ്പെടുത്താനും
ഞാന്‍ പഠിച്ചു പോയ്‌

Saturday, December 31, 2011

പുതുവത്സരാശംസകള്‍..


എല്ലാവര്ക്കും നിറസമൃദ്ധിയുടെയും സമാധാനത്തിന്റെയും പുതുവത്സരാശംസകള്‍..