Thursday, August 30, 2012

പണ്ടാരാണ്ട് പറഞ്ഞപോലെ ...!

കാരണവന്മാര്‍ എന്തെങ്കിലും കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ ഉള്ള മുഖവുരയാണിത്..പണ്ടാരാണ്ട് പറഞ്ഞപോലെ..ആരാണു പറഞ്ഞതെന്ന് ആര്‍ക്കും അറിയില്ല എന്നാണു പറഞ്ഞതെന്നും അറിയില്ല , പക്ഷെ കാലത്തിനും വ്യക്തികള്‍ക്കും അപ്പുറത്ത്..അവര്‍ പറഞ്ഞ കാര്യത്തിനു പ്രസക്തിയുണ്ട്..നര്‍മത്തില്‍ ചാലിച്ച ...അനുഭവ കഥകള്‍ ആയിരിക്കും അവയില്‍ മിക്കതും..എന്റെ വല്യമ്മയില്‍ നിന്നും വല്യപ്പനില്‍ നിന്നും ഒരുപാട് കഥകള്‍ ഈ മുഖവുരയോടെ ഞാന്‍ കേട്ടിട്ടുണ്ട്..
അതിലൊന്നിതാ..

ഒരു ദിവസം ഒരു ധര്‍മ്മക്കാരന്‍ (ഭിക്ഷക്കാരന്‍) ഒരു വീട്ടില്‍ കേറിച്ചെന്നു. അപ്പൊ അമ്മായിഅമ്മ പള്ളിയില്‍ പോയേക്കുവര്‍ന്നു..മരുമകള്‍ വന്നു ധര്മ്മക്കരനോട് പറഞ്ഞു, " അപ്പാപ്പാ ഇവിടെ ഒന്നും ഇരിപ്പില്ല"..ധര്‍മ്മക്കാരന്‍ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു..തിരിച്ചു പുറത്തേക്കു നടക്കുമ്പോഴാണ് അമ്മായിഅമ്മ പള്ളിയില്‍ നിന്നും തിരിച്ചു വരുന്നത്. ധര്മ്മക്കാരനെ കണ്ടപ്പോ അമ്മായിഅമ്മ കാര്യം അന്വേഷിച്ചു.."എന്താ അപ്പാപ്പാ കാര്യം?"..ധര്‍മ്മക്കാരന്‍ പറഞ്ഞു "ചേടത്തി ധര്‍മ്മത്തിന് വന്നതാ ..എന്നാ പറയാനാ ..എ വീട്ടിലെ കൊച്ചു പറഞ്ഞു ..അവിടെ ഒന്നും ഇല്ലെന്നു.." ഉടനെ അമ്മായി അമ്മ പറഞ്ഞു "അപ്പാപ്പന്‍ വാ.." അയാളുടനെ തിരിച്ചു നടന്നു.. അമ്മായി അമ്മ വീട്ടിനുള്ളില്‍ പോയി തുണിയൊക്കെ മാറി തിരിച്ചു വന്നിട്ട് പറഞ്ഞു.." അപ്പാപ്പാ ഇവിടെ ഒന്നും ഇരിപ്പില്ലാ.."
ധര്‍മ്മക്കാരന് അരിശം വന്നു . അയാള്‍ ചോദിച്ചു " ഇത് പറയാനാണോ ചേടത്തി എന്നെ തിരിച്ചു വിളിച്ചു കൊണ്ട് വന്നത്..?"
അമ്മായി അമ്മയുടെ മറുപടി പെട്ടെന്നായിരുന്നു.." അത് പറയാനുള്ള അവകാശോം അധികാരോം ഉള്ളത് എനിക്കാണ് ..അല്ലാതെ അവള്‍ക്കല്ല..!!!"

ചില ഓണ ചിന്തകള്‍ !..

നഷ്ടസ്വപ്നങ്ങളുടെ തടവുകാരാണ് നാം !..മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നഷ്ടസ്വപ്നങ്ങളില്‍ അഭിരമിക്കുന്നവര്‍..ആതുരത്വം എന്നാല്‍ രോഗമാണ് ..എന്നാല്‍ മലയാളിക്ക് ഗൃഹാതുരത്വം ഏറ്റവും സുഖമുള്ള അനുഭൂതിയാണ്..മറ്റെല്ലാ നാടുകളിലും വിജയങ്ങളുടെ ആഘോഷങ്ങളാണ് അവരുടെ ദേശീയോത്സവങ്ങള്‍..നമുക്കത് പരാജയത്തിന്റെ , ഒരു നല്ല കാലം ഇല്ലാതായത്തിന്റെ ഓര്‍മയാണ്..എന്ത് കൊണ്ട് ഇങ്ങനെ എന്ന് ചിന്തിക്കുമ്പോള്‍ ഞാനടങ്ങുന്ന മലയാളി സമൂഹത്തിന്റെ ഇന്നത്തെ ശരാശരി മാനസീകാവസ്ഥയിലേക്ക് നമ്മുക്ക് കണ്ണോടിക്കേണ്ടി വരുന്നു..നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന ഇന്നത്തെ കാലം ഇന്നലത്തേതിനേക്കാള്‍ മോശമാണ് എന്ന് നാമോരുതരും ചിന്തിക്കുന്നു..കൊച്ചു കുട്ടികള്‍ വരെ പറയുന്ന ഒരു വാചകമാണ് "നമ്മളൊക്കെ ആയിരുന്നപ്പോള്‍ എന്ത് രസമായിരുന്നു " എന്നത്..
എന്നാല്‍ ഇതിനെല്ലാം ഉപരിയായി..ഇന്നലെ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന നല്ല കാലം ഇന്ന് നിലനിര്‍ത്താനും നാളെ വരാനുള്ളവര്‍ക്ക് വേണ്ടി കരുതി വയ്ക്കാനും നമ്മള്‍ മറക്കുന്നു ..അല്ലെങ്കില്‍ തയാറാവുന്നില്ല എന്നുള്ളിടത്താണ് നമുക്ക് പരാജയം ആഘോഷിക്കേണ്ടി വരുന്നത്..ആതുരത്വം സുഖാനുഭൂതിയാകുന്നത്..
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഐതീഹ്യങ്ങളിലെ മാവേലി നാട് ഇവിടെ പുലരാന്‍ നാമാരും പരിശ്രമിക്കുന്നില്ല .."എത്ര നല്ല നടക്കാത്ത സ്വപ്നം" എന്ന സിനിമ ഡയലോഗ് പോലെ ഓണത്തെയും മാവേലിയെയും മാവേലിനാടിനെയും നടക്കാത്ത സ്വപ്നമായി മാറ്റി വയ്ക്കുന്നു..വര്‍ഷത്തില്‍ ഒരിക്കല്‍ പതം പറയാനുള്ള ഒരു ഓര്‍മ മാത്രമാക്കുന്നു ...
അതില്‍ നിന്നും മാറി, മാവേലി നാടിനെ സാർഥകമാക്കാന്‍ നാമോരോരുത്തരും ചെറുവിരല്‍ എങ്കിലും അനക്കാന്‍ തയ്യാറാവുന്നിടത്തേ ഓണാഘോഷങ്ങള്‍ക്ക് പ്രസക്തിയുള്ളൂ..നമുക്കും വരും തലമുറക്കും മാവേലി നാട് ഒരുക്കേണ്ടതിന്റെ ബാധ്യത നമുക്കാണ് എന്ന് ഓരോ ഓണവും നമ്മെ ഓര്‍മിപ്പിക്കുന്നു....
നന്മ നിറഞ്ഞ , സമൃദ്ധമായ ഒരു ഓണം എല്ലാവര്ക്കും ആശംസിച്ചു കൊണ്ട് സ്നേഹത്തോടെ..അലക്സാണ്ടര്‍ ..

Tuesday, August 21, 2012

വചനാനുഭവ വ്യാഖ്യാനം

ഇത്തരമൊരു തലക്കെട്ട്‌ കുറെ നാളായി മനസ്സില്‍ കിടക്കുന്നു ...മറ്റൊന്നുമല്ല എന്നെ ഏറ്റവും അധികം സ്വാധീനിച്ച "ബൈബിള്‍" അഥവാ വിശുദ്ധ ഗ്രന്ഥത്തിലെ, ഞാനേറെ ചിന്തിച്ചു എന്റേതായ രീതിയില്‍ അര്‍ഥം മനസിലാക്കിയെടുത്ത കുറെ വാക്യങ്ങള്‍ ..അവയുടെ വ്യാഖ്യാനം എന്റേതായ ഭാഷയില്‍..അത് വായനക്കാരുമായി പങ്കു വയ്ക്കുക എന്നതാണിത്‌ കൊണ്ട് ഉദ്ദേശിക്കുന്നത് .ഏറെ ചിന്തിച്ചു എന്ന് പറയാന്‍ കാരണമുണ്ട്. പല വാക്യങ്ങളും ആദ്യ വായനയില്‍ മനസിലാവാതതായിരുന്നു ; ചിലതെല്ലാം തെറ്റായ ധാരണകള്‍ക്ക് കാരണമായിരുന്നു;  എന്നാല്‍ കാലക്രമത്തില്‍ അനുഭവങ്ങളിലൂടെ അവയില്‍ ചിലതിന്റെ അര്‍ഥം ഞാന്‍ മനസിലാക്കിയെടുത്തു. പലപ്പോഴും ഒരു വെള്ളി വെളിച്ചം പോലെ അതെന്നിലേക്ക് കടന്നു വരുമ്പോള്‍ ഞാന്‍ അദ്ഭുതം കൂറി നിന്നിട്ടുണ്ട്..ഇത്രയും കാലം തലപുകച്ചിട്ടും എനിക്കിത് തോന്നിയില്ലല്ലോ എന്ന്...ഇതൊരു വലിയ സംഭവമാണല്ലോ എന്ന്..

Friday, August 17, 2012

പാദക്ഷാളനം

പാദം കഴുകിയാല്‍ തല തണുക്കുമെന്നൊരു ശാസ്ത്രം
പാദത്തിലെത്തുന്നു സര്‍വ്വ നാഡികളുമെന്നു പാദ ശാസ്ത്രം
കായം തണുത്താല്‍ കരളു തണുക്കുമെന്നൊരു ശാസ്ത്രം
കരളു തണുത്താല്‍ കയ്പ്പ് കുറയുമെന്നൊരു ശാസ്ത്രം

പ്രക്ഷുബ്ധമായ കായത്തെ തണുപ്പിക്കാന്‍
പാദക്ഷാനം പ്രാപ്തമെന്നവനാദ്യം തിരിഞ്ഞു!
ഉള്ളം തണുക്കാതെ അപരന്റെ ഉള്ളം കാണാതെ
തന്‍ പങ്കു ചേരുന്നവന്‍ തന്നിലല്ല ചേരുന്നതെന്നും!

പാറയെന്നാകിലും പാദം കഴുകാതെ ഉള്ളം തണുക്കാതെ
പങ്കുപറ്റാനാവില്ലെന്നായി ഗുരുമൊഴിയും
തന്നുള്ളം തണുക്കും പോല്‍ അപരന്നുള്ളവും
തണുക്കാന്‍ ചെയ്യേണം ക്ഷാളനം അതു പാമെന്നാകിലും

ഗുരുവിന്നൊപ്പം വളരാന്‍ എല്ലാം പഠിക്കമതില്‍
ഗുരുവായതീ പാദക്ഷാനം തന്നെ
അപരനെ തന്‍ സ്നേഹത്താല്‍ ക്ഷാളനം ചെയ്യാന്‍
അവന്റെ മാതൃകയിലുമുയര്‍ന്നന്നില്ല തന്നെ

പാദക്ഷാനം ചെയ്യുന്നതിന്നുള്‍പ്പരുള്‍
പണ്ടക്കുപണ്ടേ വരച്ചിട്ട ഗുരുവേ പ്രണാമം!