Thursday, August 30, 2012

പണ്ടാരാണ്ട് പറഞ്ഞപോലെ ...!

കാരണവന്മാര്‍ എന്തെങ്കിലും കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ ഉള്ള മുഖവുരയാണിത്..പണ്ടാരാണ്ട് പറഞ്ഞപോലെ..ആരാണു പറഞ്ഞതെന്ന് ആര്‍ക്കും അറിയില്ല എന്നാണു പറഞ്ഞതെന്നും അറിയില്ല , പക്ഷെ കാലത്തിനും വ്യക്തികള്‍ക്കും അപ്പുറത്ത്..അവര്‍ പറഞ്ഞ കാര്യത്തിനു പ്രസക്തിയുണ്ട്..നര്‍മത്തില്‍ ചാലിച്ച ...അനുഭവ കഥകള്‍ ആയിരിക്കും അവയില്‍ മിക്കതും..എന്റെ വല്യമ്മയില്‍ നിന്നും വല്യപ്പനില്‍ നിന്നും ഒരുപാട് കഥകള്‍ ഈ മുഖവുരയോടെ ഞാന്‍ കേട്ടിട്ടുണ്ട്..
അതിലൊന്നിതാ..

ഒരു ദിവസം ഒരു ധര്‍മ്മക്കാരന്‍ (ഭിക്ഷക്കാരന്‍) ഒരു വീട്ടില്‍ കേറിച്ചെന്നു. അപ്പൊ അമ്മായിഅമ്മ പള്ളിയില്‍ പോയേക്കുവര്‍ന്നു..മരുമകള്‍ വന്നു ധര്മ്മക്കരനോട് പറഞ്ഞു, " അപ്പാപ്പാ ഇവിടെ ഒന്നും ഇരിപ്പില്ല"..ധര്‍മ്മക്കാരന്‍ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു..തിരിച്ചു പുറത്തേക്കു നടക്കുമ്പോഴാണ് അമ്മായിഅമ്മ പള്ളിയില്‍ നിന്നും തിരിച്ചു വരുന്നത്. ധര്മ്മക്കാരനെ കണ്ടപ്പോ അമ്മായിഅമ്മ കാര്യം അന്വേഷിച്ചു.."എന്താ അപ്പാപ്പാ കാര്യം?"..ധര്‍മ്മക്കാരന്‍ പറഞ്ഞു "ചേടത്തി ധര്‍മ്മത്തിന് വന്നതാ ..എന്നാ പറയാനാ ..എ വീട്ടിലെ കൊച്ചു പറഞ്ഞു ..അവിടെ ഒന്നും ഇല്ലെന്നു.." ഉടനെ അമ്മായി അമ്മ പറഞ്ഞു "അപ്പാപ്പന്‍ വാ.." അയാളുടനെ തിരിച്ചു നടന്നു.. അമ്മായി അമ്മ വീട്ടിനുള്ളില്‍ പോയി തുണിയൊക്കെ മാറി തിരിച്ചു വന്നിട്ട് പറഞ്ഞു.." അപ്പാപ്പാ ഇവിടെ ഒന്നും ഇരിപ്പില്ലാ.."
ധര്‍മ്മക്കാരന് അരിശം വന്നു . അയാള്‍ ചോദിച്ചു " ഇത് പറയാനാണോ ചേടത്തി എന്നെ തിരിച്ചു വിളിച്ചു കൊണ്ട് വന്നത്..?"
അമ്മായി അമ്മയുടെ മറുപടി പെട്ടെന്നായിരുന്നു.." അത് പറയാനുള്ള അവകാശോം അധികാരോം ഉള്ളത് എനിക്കാണ് ..അല്ലാതെ അവള്‍ക്കല്ല..!!!"

2 comments:

  1. ചെറുപ്പത്തില്‍ ഞാന്‍ ഇത് 'പണ്ടാരങ്ങള്‍ ' ( പപ്പടം ഉണ്ടാക്കുന്നവര്‍) പറഞ്ഞത് പോലെ എന്നാണ് മനസിലാക്കിയത്.
    അന്നൊക്കെ കരുതി ഈ പണ്ടാരങ്ങള്‍ എല്ലാ കാര്യത്തെ പറ്റിയും പറഞ്ഞിട്ടുണ്ടല്ലോ എന്ന്...

    മുതിര്‍ന്നപ്പോള്‍ ആണ് 'പണ്ടാരോ പറഞ്ഞത് പോലെ' എന്ന് മനസിലായത്.

    ReplyDelete
    Replies
    1. ഹ ഹ ഹ...നന്ദി ജോണ്‍ ചാക്കോ ..

      Delete